ഈ ബ്ലോഗ് തിരയൂ

2009, ഡിസംബർ 18, വെള്ളിയാഴ്‌ച

പ്രണയം മറന്നവരോട്......



പറയാന്‍ മറന്ന വാക്കുകളും
കേള്‍ക്കാന്‍ കൊതിച്ച വാക്കുകളും
മഴച്ചാറലായിറ്റുമ്പോള്‍
തകരകള്‍ പോലെ
ആഴങ്ങളില്‍ നിന്ന്
പ്രണയം മുളയ്ക്കുന്നു.

പ്രണയത്തിന്റെ വഴികളില്‍
പറഞ്ഞ വാക്കുകളത്രയും
കരിയിലകളായ് പറക്കുമ്പോള്‍
പ്രണയം മരിക്കുന്നു.

വെള്ള പുതച്ച
പ്രണയജഢങ്ങളെ
വെണ്ണക്കല്ലിനുള്ളില്‍
സ്മരണഹേതുവാക്കി
പണ്ട് പ്രണയിനികള്‍!!

പെറുക്കിയെടുത്ത
പ്രണയത്തുണ്ടുകള്‍
പായില്‍ പൊതിഞ്ഞ്
പ്രണയത്തെ തുന്നിക്കെട്ടുന്നു
പ്രണയപാളങ്ങളില്‍!

ഒരു ബര്‍ഗറിന്‍ രുചിയ്ക്കൊപ്പം
അലിഞ്ഞു തീര്‍ന്നൊരു
മധുരത്തിനൊപ്പം, വിരല്‍തുമ്പ്-
വരയ്ക്കും വന്യമാം
വാക്കുകള്‍ക്കൊപ്പം
'ഹായില്‍' തുടങ്ങി 'ബൈയില്‍'
ഒതുക്കിക്കെട്ടിയ പ്രണയമാറാപ്പുകള്‍!!

കാഴ്ച മങ്ങിയ കണ്ണടച്ച്
ഉള്‍ക്കണ്ണാലമ്മയെ കണ്ട്
കണ്ണീര് പെയ്യുമച്ഛന്റെ മിഴികളില്‍
അമൂല്യമാം രത്നങ്ങളായി
അനശ്വരമാം പ്രണയം...
അറുപതിലുമാളുന്ന
കാട്ടുതീയായ് പടരുന്ന
പ്രണയം...!!!

2009, ഡിസംബർ 15, ചൊവ്വാഴ്ച

സ്വപ്നമഴ...


മങ്ങിയ വാനത്തിനുകീഴെ ,
തണുപ്പില്‍ വിറയാര്‍ന്ന
മരച്ചില്ലകളില്‍ തട്ടിത്തെറിക്കുന്ന
തോരാത്ത ചാറ്റല്‍മഴയായ്
നനുത്ത സ്വപ്നങ്ങള്‍..!

അപരിചിതത്വത്തിന്‍റെ
പരുപരുത്ത വഴികളില്‍
എന്നും പെയ്തിറങ്ങാന്‍
വിധിക്കപ്പെട്ട മഴത്തുള്ളികള്‍
പോലെ എന്‍ സ്വപ്നങ്ങള്‍..!

ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാന്‍
സ്വപ്നങ്ങള്‍ക്കാവില്ലെയെങ്കിലും
തണുത്ത മഴത്തുള്ളികള്‍
സ്വപ്നങ്ങളായ് പെയ്തിറങ്ങി
പൊട്ടിത്തകര്‍ന്ന് ഒഴുകിപ്പടരുന്നു..

മഴത്തുള്ളികള്‍ പോലെ
വീണുടഞ്ഞ എന്‍റെ സ്വപ്നങ്ങള്‍,
വലിയ ഒരു പുഴയായ് മാറിയത്,
നിന്‍റെ സ്വപ്നങ്ങള്‍ വീണുടഞ്ഞ്,
ഒരുമിച്ചൊഴുകിയപ്പോഴാണ്..!





2009, ഡിസംബർ 7, തിങ്കളാഴ്‌ച

"ഭ്രാന്തി"


ഹൃത്തില്‍ നാമ്പിട്ട
വാക്കിന്‍റെ മുള നുള്ളി
കളഞ്ഞപ്പോള്‍ ,
ആരുമറിയാതെ
നാവില്‍ മുളച്ച
വാക്കിന്‍റെ വിത്ത്
ഉമിനീര് കുടിച്ചു
വലുതായീ.

വലുതായ വാക്ക്
വാ പിളര്‍ന്നപ്പോള്‍
കേള്‍ക്കാതെ
ചെവി ഓടിപോയീ.

പറയാന്‍ വെമ്പിയ
വാക്കുകള്‍ ചെവിയെ
തേടി മനം മടുത്തു
ഉത്തരത്തില്‍ ഒറ്റതുണി-
യില്‍ കെട്ടിതൂങ്ങി.

വാക്കിന്‍റെ ചോര
പുരണ്ട വെള്ളത്തില്‍
കൈകഴുകി ചെവി
പറഞ്ഞു..."ഭ്രാന്തി"

ഒരു വാക്കിനായ്..........ഒരു നോക്കിനായ്................


ഒരു വാക്കിനായ്
ഞാന്‍ കാതോര്‍ത്തിരുന്നെങ്കിലും
ഒരുനൂറ് വാക്കുകള്‍
നീ കളിയായ് പറഞ്ഞില്ലേ..

ഒരു നോക്കിനായ്
ഞാന്‍ മിഴി നട്ടിരുന്നെങ്കിലും
ഒരായിരം നോട്ടങ്ങള്‍
നീ വെറുതേ കള‍ഞ്ഞില്ലേ..

ഒരുവാക്കില്‍
ജീവന്‍ തുളുമ്പുമ്പോള്‍
ഒരു നോക്കില്‍
പ്രാണന്‍ തുടിക്കുന്നു

ഒരു വാക്കില്‍
പൂക്കള്‍ വിടരുമ്പോള്‍
ഒരുനോക്കില്‍
വസന്തം ചിരിക്കുന്നു.

ഒരു വാക്കില്‍
സ്നേഹം സ്ഫുരിക്കുമ്പോള്‍
ഒരു നോക്കില്‍
പ്രണയം ജ്വലിക്കുന്നു.

ഒരു വാക്കില്‍
ഒരുനൂറ് അര്‍ത്ഥങ്ങളുണ്ടാവുമ്പോള്‍
ഒരു നോക്കില്‍
ഒരായിരം അര്‍ത്ഥങ്ങള്‍ പിറക്കുന്നു.