ഈ ബ്ലോഗ് തിരയൂ

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വില്‍ക്കുവാനുണ്ട് പ്രണയം...!



ഇതൊരു ഫ്ലാഷ് ബാക്ക് സ്റ്റോറിയാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അതായത് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലം. ആ കാലഘട്ടവും ഞാ
ന്‍ ഈ പോസ്റ്റിനു കൊടുത്തിരിക്കുന്ന ശീര്‍ഷകവും തമ്മിലെന്തു ബന്ധം എന്നാവും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്. ആ ഇളം പ്രായത്തിലേ പ്രണയം ഒരു വില്പനച്ചരക്കാണ് എന്നൊക്കെ അധികപ്രസംഗം നടത്തിയോ എന്നോര്‍ത്ത് നിങ്ങളില്‍ ചിലരെങ്കിലും താടിക്ക് കയ്യും കൊടുത്തിരുന്നു പോയിട്ടുണ്ടാവും. തെറ്റിദ്ധരിക്കല്ലേ... 
ഞാന്‍ പറയാന്‍ പോകുന്നത് വേറേ ചില കാര്യങ്ങളാണ്.
ഏത് പ്രായത്തിലായാലും പ്രണയം ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ്. ജീവിതത്തിനു വസന്തം നൽകുന്ന അപൂര്‍വ സൗഭാഗ്യം. കാലഭേതമില്ലാതെ,പ്രായഭേതമില്ലാതെ മനുഷ്യ മനസ്സുകളെ തൊട്ടുണര്‍ത്തുന്ന മധുര വികാരം... (ഇത്രയും മതി, പറഞ്ഞ് ഓവര്‍ ആക്കണ്ടാ അല്ലേ)
ബാല്യത്തിന്റെ നിഷ്കളങ്കത 
പൂര്‍ണമായും വിട്ടൊഴിയാന്‍ മടിച്ചു നില്‍ക്കുന്ന പ്രായമായതിനാലാവണം ഒഴിഞ്ഞ ഐസ്ക്രീം കപ്പ് വലിച്ചെറിയുന്ന ലാഘവത്തോടെ പ്രണയം ഒഴിവാക്കുകയും പുതിയത് തുടങ്ങുകയും ചെയ്യുന്ന പ്രവണത അന്നു കണ്ട് തുടങ്ങിയിരുന്നില്ല. അദ്ധ്യാപനോ വീട്ടുകാരോ ആരാച്ചാരുടെ റോളില്‍ രംഗത്ത് വന്ന് പല പ്രണയ നാടകങ്ങള്‍ക്കും തുടക്കത്തില്‍ തന്നെ തിരശ്ശീല വീഴുമായിരുന്നു എങ്കില്‍ക്കൂടി പോയത് പോയി, ഇനി അടുത്തത് എന്ന നിലപാട് അന്നത്തെ പ്രണയിതാക്കൾക്കുണ്ടായിരുന്നില്ല. അകാലത്തില്‍കൊഴിഞ്ഞ പൂവിന്റെ ഇനിയും മായാത്ത സുഗന്ധം മനസ്സില്‍ സൂക്ഷിച്ച്, മാനസമൈനേ, സന്യാസിനി ഇതിലേതെങ്കിലും ഒരു ഗാനം സന്ദർഭോചിതം തിരഞ്ഞെടുത്ത് നാടകത്തിലെ പ്രധാന റോളില്‍ നിന്ന് ബുജി റോളിലേക്ക് ചുവട് മാറിയിട്ടുണ്ടാവും അവര്‍.
Mobileലും, Internetഉം ഒക്കെ പ്രചാരത്തില്‍ വന്ന് തുടങ്ങുന്നതേയുള്ളൂ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും  ഒന്ന് ഒറ്റക്ക് നിന്ന് സംസാരിക്കാന്‍ പോലും ഏറെ ഭയപ്പെട്ടിരുന്ന കാലം.അതുകൊണ്ടൊക്കെത്തന്നെ  പ്രണയലേഖനങ്ങള്‍ക്ക് പ്രണയത്തില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു(അന്നത്തെ മരം ചുറ്റി പ്രേമം എന്ന concept ഇന്ന് fresher's day ക്ക് അഭിനയിച്ച് കാണിക്കാന്‍ പോലും വരാറില്ല). 
എന്തു കൊണ്ടോ പ്രണയലേഖനത്തിന്റെ കാര്യത്തില്‍ പ്രണയിതാക്കള്‍ അത്ര ആത്മാര്‍ഥതയൊന്നും പുലര്‍ത്തിയിരുന്നില്ല. Greetings Cardകളില്‍ നിന്നും, വായിച്ച പുസ്തകങ്ങളില്‍ നിന്നും കോപ്പിയടിച്ച വരികളാകും സ്വന്തം വരികളേക്കാള്‍ കൂടൂതല്‍. എന്നാലും ആ എഴുത്തുകള്‍ക്ക് ഒരു കാല്പനികതയുണ്ടായിരുന്നു.'ഒരു നാള്‍ നിന്നെ ഞാനൊരു പനിനീര്‍പ്പൂവിനു ഒറ്റിക്കൊടുക്കുമെന്ന്' പ്രണയം പറയാതെ പറയുന്ന കടലാസ്സു തുണ്ടുകള്‍... ഏറ്റവും വികാര ഭരിതമായ വരികള്‍ കൊണ്ട് തന്നെ തന്റെ പ്രണയം അവനെ അല്ലെങ്കില്‍ അവളെ അറിയിക്കണമെന്ന് അവര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.
ഇതില്‍ എന്റെ റോള്‍ എന്താണ് എന്നറിയാനായിരിക്കും നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നെനിക്കറിയാം. എന്നാല്‍ വായനക്കാരേ, ഞാന്‍ നിങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആരേയും പ്രണയിച്ചിട്ടില്ല. എന്നാലും ഞാനറിയാതെ ഒരു പ്രണയവും ആ ക്ലാസ്സില്‍ നടന്നിട്ടുമില്ല. കാരണമെന്തന്നല്ലേ..
യുവജനോത്സവങ്ങളില്‍ കഥക്കും കവിതക്കുമൊക്കെ സമ്മാനം കിട്ടാറുള്ള കുട്ടി എന്ന നിലയില്‍ ഞാനെന്തോ വലിയ സാഹിത്യകാരിയാണ് എന്നാണ് അവരുടെയൊക്കെ (തെറ്റി)ധാരണ. അതിനാല്‍ ആര്‍ക്കെങ്കിലും ആരോടെങ്കിലുമൊക്കെ പ്രേമം തോന്നിയാല്‍
 ഉടന്‍എന്നെ സമീപിക്കും. 
ഒരുദാഹരണം ഞാനിവിടെ കൊടുക്കാം.
"മോളേ സ്നേഹേ, ആ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ചിത്തിര നല്ല കുട്ടിയാ, അല്ലേ? "
ഇങ്ങിനെ ഒരാള്‍ വന്ന് ചോദിക്കുമ്പോള്‍ അതങ്ങ് സമ്മതിച്ച് കൊടുക്കുന്നതിനു നമുക്കെന്ത് നഷ്ടം എന്നോര്‍ത്ത് ഞാന്‍ പറയും
"അതേ.. ശരിയാ.., നല്ല കുട്ടിയാ.." 
അതു കേള്‍ക്കേണ്ട താമസം അവന്‍ അവന്റെ ആവശ്യം ഉന്നയിക്കും.
"അതേയ്, എനിക്കവളെ ഭയങ്കര ഇഷ്ടമാ.. എങ്ങിനെയാ അവളോടതൊന്ന് പറയുകാ. നീ നന്നായി എഴുതാനറിയുന്ന കുട്ടിയല്ലേ. ഒരു കിടിലന്‍ ലവ് ലെറ്റര്‍ എഴുതി താ. വായിക്കേണ്ട താമസം അവള്‍ വീഴണം. അത്ര കിടിലന്‍ ലൈന്‍സ് ആയിരിക്കണം. നല്ല മോളല്ലേ. പറ്റില്ലെന്ന് പറയരുത്."
"അയ്യേ... ലവ് ലെറ്റെറോ.. ഞാനോ... എന്നെക്കൊണ്ടൊന്നും വയ്യേ" എന്നു ഞാനും.
ഉടനേ അവന്‍ ആ ബ്രഹ്മാസ്ത്രം പ്രയോഗിക്കും.
"നല്ല മോളല്ലേ.. ഞാന്‍ നിനക്ക് ഡയറി മില്‍ക്കിന്റെ ഒരു ഫാമിലി പാക്ക് വാങ്ങിച്ചു തരാം എഴുതി താ പ്ലീസ്.."
'പ്രണയ ലേഖനം എങ്ങിനെയെഴുതണം
മുനി കുമാരികയല്ലേ, ഞാനൊരു മുനികുമാരികയല്ലേ'
അതു വരെ മൂളിപ്പാട്ടും പാടിയിരിക്കുന്ന എന്റെ മനസ്സും അതോടെ ഇളകാന്‍ തുടങ്ങും. ചോക്കലേറ്റും  ഐസ്ക്രീമും പണ്ടേ എന്റെ weakness ആണ്. വന്നു കയറിയ മഹാലക്ഷ്മിയെ എന്തിനാ ഇറക്കി വിടുന്നത്. ലവ് ലെറ്ററെങ്കില്‍ ലവ് ലെറ്റര്‍, എഴുതിക്കൊടുത്തേക്കാം.
അങ്ങിനെ എന്റെ മനസ്സിലുള്ള പ്രണയം മുഴുവന്‍ ഞാന്‍ കടലാസ്സിലേക്ക് പകര്‍ത്തും. എന്നിട്ട് പേജിന്റെ എണ്ണത്തിനനുസരിച്ച് ചോക്കലേറ്റിന്റേയും ഐസ്ക്രീമിന്റേയും എണ്ണവും ബ്രാന്‍ഡും തീരുമാനിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കും.
അങ്ങിനെ എന്റെ ബിസ്സിനസ്സ് നാളുകള്‍ പിന്നിടുന്തോറും വിപുലീകരിച്ചു വരുകയായിരുന്നു. ചോക്കലേറ്റിനും ഐസ്ക്രീമിനുമൊക്കെ പകരം പൈസ വാങ്ങിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇതിനകം പ്രണയം വിറ്റ് വിറ്റ് ഞാനൊരു കോടീശ്വരിയായേനേ. ഇതിന്റെ പേരില്‍ രസകരമായ പല സംഭവങ്ങളും അരങ്ങേറി. ഞാനെഴുതിക്കൊടുത്ത ലവ് ലെറ്റേര്‍സ് കൊണ്ട് ഒരുപാട് പ്രണയങ്ങള്‍ തളിരിട്ടു. ഈ പ്രണയജോടികള്‍ക്ക് തുടര്‍ന്നും ആശയവിനിമയം നടത്താന്‍ എന്നെ ആവശ്യമായിരുന്നു. അതെന്തിനാണെന്ന് ചോദിച്ചാല്‍;
ചിലരെന്റെയടുക്കല്‍ ഒരു കത്തുമായി വന്നിട്ട് പറയും.
"സ്നേഹമോളേ, ഇതെന്റെ ലവ്ര്‍ എനിക്കെഴുതിയ കത്താണ്, എന്തൊരു മുടിഞ്ഞ സാഹിത്യമാ, ഒരു കുന്തവും മനസ്സിലാവുന്നില്ല. നീ ഇതിനൊരു മറുപടി എഴുതിത്താ,ഇതിനേക്കാള്‍ കിടിലന്‍ ആവണം"

കത്ത് നോക്കുമ്പോഴാവും രസം, ഇതേ കാരണം പറഞ്ഞ് മറ്റേയാള്‍  തലേ ദിവസം എന്നെക്കൊണ്ട് എഴുതിച്ച കത്താവും അത്. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ കത്തിനു മറുപടിയെഴുതുന്നതും ഞാന്‍ തന്നെ. ഇങ്ങിനെയൊരു അപൂര്‍വ സൗഭാഗ്യം ആ ചെറു പ്രായത്തില്‍ത്തന്നെ വേറാര്‍ക്ക് കിട്ടീട്ടുണ്ടാവും?

രണ്ട് പേര്‍ക്കും പ്രണയ ലേഖനം വായിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ലെങ്കില്‍ എന്തിനാ ഈ സാധനം അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നത് എന്നത് എനിക്കിന്നും പിടി കിട്ടാത്ത കാര്യം. ചിലപ്പോള്‍ ഇതൊരു ചടങ്ങായിരിക്കും. അല്ലെങ്കില്‍ കിങ്ങിണിക്കുട്ടിക്ക് വെറുതേ ചോക്കലേറ്റും ഐസ്ക്രീമും ഒക്കെ വാങ്ങിച്ച് കൊടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരിക്കും. ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്.
"സ്കൂള്‍ പ്രണയം മഹാശ്ചര്യം എനിക്കും കിട്ടണം ചോക്കലേറ്റ്!"
ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെയും  ഐസ്ക്രീന്റേയും  ചോക്കലേറ്റിന്റേയും മധുരത്തില്‍ ഞാനങ്ങ് അലിയിച്ച് കളയും. കൂടെ ഞാനിപ്പോള്‍ എഴുതുന്ന കത്തിനു നാളെ എഴുതേണ്ടി വരുമായിരിക്കുന്ന മറുപടി ഇപ്പോഴേ മനസ്സില്‍ കണ്ട് വെക്കും. 
ഞാന്‍ ആരാ മോള്‍!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ